Times Kerala

പുരുഷഹോര്‍മോണ്‍ കൂട്ടി മസില്‍ നേടാം

 
പുരുഷഹോര്‍മോണ്‍ കൂട്ടി മസില്‍ നേടാം

പുരുഷന്മാരെ സംബന്ധിച്ചിടത്തോളം മസില്‍ എന്നത് ശരീരത്തിന്റെ കരുത്തിന്റെ ലക്ഷണം മാത്രമല്ല, പുരുഷത്വത്തിന്റെ ലക്ഷണം കൂടിയായാണ് കണക്കാക്കപ്പെടുന്നത്. ഇതുകൊണ്ടാണ് ജിമ്മില്‍ പോയി മസില്‍ നേടാന്‍ ശ്രമിയ്ക്കുന്ന പുരുഷന്മാരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതും. ജിമ്മില്‍ പോക്കും ഇതിലൂടെ മസില്‍ വളര്‍ത്തലും പുരുഷന്മാര്‍ക്ക് വെറും ആരോഗ്യസംബന്ധമായ ഒന്നു മാത്രമല്ലെന്നു ചുരുക്കം. മാത്രമല്ല, പൊതുവേ സ്ത്രീകള്‍ക്കു പുരുഷന്മാരുടെ മസിലിനോട് താല്‍പര്യമുണ്ടെന്ന കണക്കുകൂട്ടലും ഇതിനു പുറകിലുണ്ട്. മോഡലുകളുടേയും സിനിമാ താരങ്ങളുടേയും മസില്‍ കണ്ട് ജിമ്മിലേയ്‌ക്കോടുന്നവരും കുറവല്ല.

മസിലുകള്‍ വളരാന്‍ അത്ര എളുപ്പമല്ല. എന്നു കരുതി അപ്രാപ്യവുമല്ല. മസിലുകള്‍ വളരുന്നതിന്റെ അടിസ്ഥാനം പുരുഷ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ വര്‍ദ്ധിപ്പിയ്ക്കുകയെന്നതാണ് മസിലുകള്‍ വളരാനുള്ള പ്രധാന വഴി. പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ പുരുഷത്വം നല്‍കുന്ന ഒന്നാണ്. ശരീര രോമങ്ങള്‍ വളരാനും നല്ല സെക്‌സിനുമെല്ലാം ഇത് ഏറെ പ്രധാനവുമാണ്.

ചുരുക്കിപ്പറഞ്ഞാല്‍ മസില്‍ വളര്‍ച്ചയും ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നര്‍ത്ഥം. മസില്‍ വളര്‍ച്ചയ്ക്ക് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ അത്യാവശ്യമാണ്. മസിലുണ്ടെങ്കില്‍ പുരുഷ ഹോര്‍മോണ്‍ ധാരാളമുണ്ടെന്നര്‍ത്ഥം. ജിമ്മില്‍ പോയി മസിലുണ്ടാക്കുവാന്‍ ശ്രമിയ്ക്കുന്നതിനോടൊപ്പം തന്നെ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ വര്‍ദ്ധിപ്പിയ്ക്കാനുള്ള വഴികള്‍ പരീക്ഷിയ്ക്കുകയും വേണം.

പുരുഷഹോര്‍മോണ്‍ വര്‍ദ്ധിയ്ക്കാനും കൊഴുപ്പു നീങ്ങി മസില്‍ രൂപപ്പെടാനുമുള്ള ചില പ്രത്യേക വഴികളെക്കുറിച്ചറിയൂ,

വര്‍ക്കൗട്ട്
വര്‍ക്കൗട്ട് ചെയ്യുന്നത് ഏറെ പ്രധാനമാണ്. പ്രത്യേകിച്ചും വെയ്റ്റ് ട്രൈയിനിംഗ് പോലുള്ളവ ചെയ്യുന്നത് പുരുഷ ഹോര്‍മോണ്‍ വര്‍ദ്ധിപ്പിയ്ക്കാനും മസില്‍ മാസ് ഇരട്ടിയാകാനും സഹായിക്കുന്ന ഒന്നാണ്. ആഴ്ചയില്‍ 4-5 ദിവസമെങ്കിലും വെയറ്റ് ട്രെയിനിംഗ് ശീലമാക്കുക. ജിമ്മില്‍ പോകാത്തവര്‍ക്ക് വീട്ടിലും ചെയ്യാം. കനമുളള വസ്തുക്കള്‍, ഉദാഹരണത്തിന് വെള്ളത്തിന്റെ വലിയ ബോട്ടിലുകള്‍ ഉയര്‍ത്താന്‍ സാധിയ്ക്കാവുന്ന വെയ്റ്റില്‍ വെള്ളം നിറച്ച് ഇരു കയ്യുകളിലും പിടിച്ചുയര്‍ത്താം. അല്ലെങ്കില്‍ വെയ്റ്റ് കട്ടകള്‍ വാങ്ങി വീട്ടില്‍ തന്നെ എടുത്തുയര്‍ത്താം.

കാര്‍ഡിയോ
വെയ്റ്റ് ട്രെയിനിംഗിനൊപ്പം കാര്‍ഡിയോ വര്‍ക്കൗട്ടുകളും അത്യാവശ്യമാണ്. ഇത് ആരോഗ്യത്തിനു മാത്രമല്ല, കയ്യുകളിലേയും നെഞ്ചിലേയും മസിലുകള്‍ക്ക് ഉറപ്പു നല്‍കും. ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിന് സഹായിക്കുകയും ചെയ്യും.

പ്രോട്ടീന്‍
മസില്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ പ്രോട്ടീന്‍ അത്യാവശ്യമാണെന്ന് മിക്കവാറും പേര്‍ക്ക് അറിയുന്നുണ്ടാകും. ജിമ്മിലും മറ്റും പോകുന്നവര്‍ പ്രോട്ടീന്‍ പൗഡറും മറ്റും കഴിയ്ക്കുന്നതിന്റെ കാര്യമിതാണ് എന്നാല്‍ പ്രോട്ടീന്‍ മസില്‍ വളര്‍ച്ചയെ മാത്രമല്ല, പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തേയും വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ ഒരു ഭാഗം പ്രോട്ടീന്‍ ആകാന്‍ ശ്രദ്ധിയ്ക്കുക. മുട്ട, തൊലി നീക്കിയ ചിക്കന്‍, പയര്‍ വര്‍ഗങ്ങള്‍, തൈര് തുടങ്ങിയവയെല്ലാം പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്.

സെക്‌സ്
പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സെക്‌സ് സഹായിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. നല്ല സെക്‌സിന്, പുരുഷന്മാര്‍ക്ക് നല്ല ഉദ്ധാരണത്തിനും എനര്‍ജിയ്ക്കുമെല്ലാം ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ അത്യാവശ്യമാണ്. എന്നാല്‍ ഇതേ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സെക്‌സും നല്ലതാണ്. ദിവസവുമുളള സെക്‌സ് പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തേയും അതുവഴി മസില്‍ വളര്‍ച്ചയേയും സഹായിക്കും.

വൈറ്റമിന്‍ ഡി
വൈറ്റമിന്‍ ഡി ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് അത്യാവശ്യമായ ഒന്നാണ്. ഇതടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കാം. ഇതുപോലെ സൂര്യപ്രകാശത്തില്‍ നിന്നാണ് കൂടുതലും വൈറ്റമിന്‍ ഡി ലഭിയ്ക്കുന്നത്. ദിവസവും സൂര്യപ്രകാശം കൊള്ളുക. അതിരാവിലെ ഓടുന്നതോ നടക്കുന്നതോ എല്ലാം ഹോര്‍മോണ്‍ ഉല്‍പാദനത്തിനും വൈറ്റമിന്‍ ഡിയ്ക്കുമെല്ലാം ഏറെ സഹായകമാണ്.

നല്ല കൊഴുപ്പുകള്‍
നല്ല കൊഴുപ്പുകള്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിന് അത്യാവശ്യമാണ്. ഫഌാക്‌സ് സീഡുകള്‍, നട്‌സ്, പീനട്ട് ബട്ടര്‍, ബട്ടര്‍ ഫ്രൂട്ട് എന്നിവയെല്ലാം നല്ല കൊഴുപ്പുകളാല്‍ സമ്പുഷ്ടമാണ്.

ഉറക്കം
ഹോര്‍മോണ്‍ ഉല്‍പാദനത്തിനും മസില്‍ വളര്‍ച്ചയ്ക്കും അത്യാവശ്യമായ ഒന്നാണ് നല്ല ഉറക്കം. ദിവസവും 7-8 മണിക്കൂര്‍ ഉറക്കം ആരോഗ്യത്തിന് മാത്രമല്ല, മസില്‍ വളര്‍ച്ചയ്ക്കും ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിനുമെല്ലാം അത്യാവശ്യമാണ്.

മദ്യം
ലേശം മദ്യം ഹൃദയാരോഗ്യത്തിന് നല്ലതാണെന്നു പൊതുവേ പറയും. എന്നാല്‍ മദ്യപാന ശീലം മസിലുകള്‍ നഷ്ടപ്പെടുന്ന ഒന്നാണ്. കാരണം അമിത മദ്യം ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ നഷ്ടം വരുത്തും. ഇത് മസിലുകളേയും ബാധിയ്ക്കും.

സിങ്ക്
സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിനും നല്ല മസിലുകള്‍ക്കും അത്യാവശ്യമാണ്. കടല്‍ വിഭവങ്ങളില്‍ ധാരാളം സിങ്ക് ഉണ്ട്. ഇതുപോലെ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങളും നല്ലതാണ്.

സ്‌ട്രെസ്
സ്‌ട്രെസ് പോലുള്ളവ പല അസുഖങ്ങള്‍ക്കൊപ്പം പുരുഷ ഹോര്‍മോണുകളേയും ബാധിയ്ക്കുന്ന ഒന്നാണ്. ഇത് ഹോര്‍മോണ്‍ കുറവിന് കാരണമാകും. മസില്‍ വളര്‍ച്ച കുറയ്ക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പുറപ്പെടുവിയ്ക്കുന്ന സ്‌ട്രെസ് ഹോര്‍മോണുകള്‍ സെക്‌സ് ഹോര്‍മോണിനെ കുറയ്ക്കും.

ക്രൂസിഫെറസ് പച്ചക്കറികള്‍
പുരുഷ ഹോര്‍മോണുണ്ടാകാന്‍ ക്രൂസിഫെറസ് പച്ചക്കറികള്‍, അതായത് ബ്രൊക്കോളി, ക്യാബേജ്, കടുകില പോലുള്ള ഇലക്കറികള്‍ സഹായിക്കും. ഇതുപോലെ ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ശീലമാക്കുക. ഇതും പുരുഷ ഹോര്‍മോണിന് നല്ലതാണ്. ഇതുവഴി മസില്‍ വളര്‍ച്ചയ്ക്കും.

വെളുത്തുള്ളി
വെളുത്തുള്ളി പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒന്നാണ്. ഇത് ഭക്ഷണത്തില്‍ ശീലമാക്കാം. ഈസ്ട്രജന്‍ അടങ്ങിയ സോയ പോലുള്ളവ കഴിവതും കുറയ്ക്കുക. ജിന്‍സെംഗ്, അശ്വഗന്ധ പോലുള്ള ആയുര്‍വേദ വഴികളും പരീക്ഷിയ്ക്കാം. ഇതുപോലെ ഇഞ്ചിയും നല്ലതാണ്. ഇവയുടെ സപ്ലിമെന്റുകള്‍ ലഭിയ്ക്കുമെങ്കിലും ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം കഴിയ്ക്കുക.

മധുരം
പുരുഷഹോര്‍മോണ്‍ ഉല്‍പാദനം കുറയ്ക്കുന്ന ഒന്നാണ് മധുരം. പ്രത്യേകിച്ചും കൃത്രിമ മധുരങ്ങള്‍. ഇവയുടെ ഉപയോഗം കഴിവതും കുറയ്ക്കുക. സ്വാഭാവിക മധുരം ഉപയോഗിയ്ക്കുക.

Related Topics

Share this story