Times Kerala

സൗദി ഭീകരാക്രമണം; എണ്ണ വില കുതിക്കുന്നു

 
സൗദി ഭീകരാക്രമണം; എണ്ണ വില കുതിക്കുന്നു

റിയാദ്: സൗദി അറേബ്യയിലെ അരാംകോ എണ്ണ സംസ്‌കരണ ശാലകളിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഉല്‍പ്പാദനം വെട്ടിക്കുറച്ച സാഹചര്യത്തില്‍ വിപണിയിൽ എണ്ണവില കുതിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില 13 ശതമാനം വര്‍ധിച്ച് ബാരലിന് 68.06 ഡോളര്‍ എന്ന നിലയിലെത്തി. അമേരിക്കന്‍ അസംസ്‌കൃത എണ്ണവില ബാരലിന് 10.2 ശതമാനം വര്‍ധിച്ച് 60.46 ഡോളറിലെത്തി. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 80 ഡോളര്‍ വരെ വില ഉയരുമെന്നാണ് വിലയിരുത്തല്‍. 28 വര്‍ഷത്തിനിടെ അസംസ്‌കൃത എണ്ണ വിലയില്‍ ഒറ്റ ദിവസം കൊണ്ട് ഉണ്ടാകുന്ന ഏറ്റവും വലിയ വില വര്‍ധനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

അരാംകോ സംസ്‌കരണ ശാലകളിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് സൗദിയില്‍ എണ്ണ ഉല്‍പാദനം പകുതിയായി കുറഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്‌കരണശാലയായ അബ്‌ഖൈക് അരാംകോയിലും ഖുറൈസ് എണ്ണശാലയിലുമാണ് ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് വന്‍ അഗ്‌നിബാധയാണുണ്ടായത്. ഇതാണ് ഉല്‍പാദനം പകുതി കുറയാന്‍ കാരണമായത്.
അബ്‌ഖൈക് പ്ലാന്റ് പൂര്‍വസ്ഥിതിയിലാവാന്‍ വൈകിയാല്‍ ആഗോള വിപണിയില്‍ പ്രതിസന്ധി രൂക്ഷമാവും.

Related Topics

Share this story