Nature

ദുരഭിമാനക്കൊലയുടെ നിർണായക നാൾവഴികൾ ഇങ്ങനെ…

2018 മെയ് 27നായിരുന്നു പുനലൂര്‍ സ്വദേശി ചാക്കോയുടെ മകള്‍ നീനുവിനെ രജിസ്ട്രര്‍ വിവാഹം ചെയ്തതിന്റെ പേരിൽ നട്ടാശേരി സ്വദേശി കെവിന്‍ ജോസഫിനെ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും സംഘവും തട്ടിക്കൊണ്ട് പോയത്. 28 ന് പുലര്‍ച്ചെ കെവിന്റെ മൃതദേഹം ചാലിയേക്കര ആറില്‍ കണ്ടെത്തി. കെവിന്റെത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന നിര്‍ണായക മൊഴികളാണ് ഫോറന്‍സിക് വിദഗ്ധരും നല്‍കിയത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ 186 സാക്ഷികളില്‍ 113 സാക്ഷികളെ വിസ്തരിച്ച കോടതി സാങ്കേതിക തെളിവുകളും പരിശോധിച്ചിരുന്നു. കേസില് 10 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തെളിവുകളുടെ അഭാവത്തിൽ നീനുവിന്റെ പിതാവടക്കം 4 പ്രതികളെ കോടതി വെറുതെ വിട്ടു.

കേസിന്റെ നാൾവഴികൾ

2018 മെയ് 24: കോട്ടയം സ്വദേശിയായ കെവിനും പുനലൂർ സ്വദേശിനിയായ നീനുവും റെജിസ്റ്റർ വിവാഹം ചെയ്തു. വിവാഹവിവരം ബന്ധുക്കളെ അറിയിക്കുകയും ചെയ്തു.

2018 മെയ് 26: നീനുവിന്റെ ബന്ധുക്കൾ പൊലീസിന്റെ സാനിധ്യത്തിൽ ചർച്ച നടത്തി.

2018 മെയ് 27: കെവിനെയും ബന്ധു അനീഷിനേയും തട്ടിക്കൊണ്ടു പോയതായി വാർത്ത പുറത്ത് വരുന്നു.

2018 മെയ് 28: കൊല്ലം തെന്മല ചാലിയക്കര പുഴയിൽ നിന്നും കെവിന്റെ മൃതദേഹം കണ്ടെടുത്തു.

2018 മെയ് 29 : സംഭവവുമായി ബന്ധപ്പെട്ട നീനുവിന്റെ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു എന്നിവര്‍ കണ്ണൂര്‍ ജില്ലയിലെ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇരുവർക്കുമെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. കേസിൽ ആകെ 14 പ്രതികൾ, ഇവരിൽ 6 പേര്‍ പോലീസ് കസ്റ്റഡിയിലായി. അടുത്തടുത്ത ദിവസങ്ങളിലായി ബാക്കിയുള്ള പ്രതികളും കീഴടങ്ങി

2018 മെയ് 31: പ്രതികളെ വഴിവിട്ട് സഹായിച്ചതിന്റെ പേരില്‍ എഎസ്ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ അറസ്റ്റിൽ.

2018 ജൂണ്‍ 3: പുനലൂരിൽ നിന്നും പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി.

2018 ഓഗസ്റ്റ് 21: അന്വേഷണ ഉദ്യോഗസ്ഥനായ ഗിരീഷ് പി.സാരഥി കെവിന്റെത് ദുരഭിമാനക്കൊലയാണെന്ന പേരിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

2019 ജനുവരിയിൽ കേസിന്മേൽ പ്രാഥമിക വാദം ആരംഭിച്ചു.

2019 ഫെബ്രുവരി 16: മുന്‍ എസ്ഐ എം.എസ്.ഷിബുവിന് പിരിച്ചുവിടല്‍ നോട്ടീസ് നൽകി.

2019 മാർച്ച് 13: 10 വകുപ്പുകൾ പ്രകാരമുള്ള കുറ്റപത്രം കോടതി അംഗീകരിച്ചു.

2019 ഏപ്രില്‍ 24: കോട്ടയം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ വിചാരണ തുടങ്ങി.

90 ദിവസം നീണ്ടു നിന്ന വിചാരണ നടപടികൾ. ദിവസവും രാവിലെ 10 മണിക്ക് കോടതി ചേർന്നായിരുന്നു വിചാരണ നടത്തിയിരുന്നത്.

2019 ജൂലൈ 30: 90 ദിവസം നീണ്ട വിചാരണ പൂർത്തിയായി.

2019 ഓഗസ്റ്റ് 14: വിധി പറയാനായി ചേർന്ന കോടതി ദുരഭിമാനക്കൊല എന്ന വിഷയത്തിൽ ഇരു വിഭാഗത്തെയും വാദം വീണ്ടും കേട്ടു. ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ടാണ് വാദം കേട്ടത്.

2019 ഓഗസ്റ്റ് 22: പത്ത് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി. നീനുവിന്റെ പിതാവ് ചാക്കോ ഉൾപ്പെടെ നാല് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു.

കെവിന്റെ മൃതദേഹം കണ്ടെത്തിയ അന്ന് തന്നെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. പ്രതികളെ പിടികൂടുന്നതിന് ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ 4 സ്ക്വാഡുകള്‍ ആണ് രൂപീകരിച്ചത്. പ്രതികൾക്കുള്ള ശിക്ഷ മറ്റന്നാൾ കോടതി പുറപ്പെടുവിക്കും.

Leave A Reply

Your email address will not be published.