Times Kerala

ദിവസവും മുട്ട കഴിക്കുന്നത് ആരോഗ്യകരമാണോ?

 
ദിവസവും മുട്ട കഴിക്കുന്നത് ആരോഗ്യകരമാണോ?

‘ചിട്ടയായ ആഹാരത്തോടൊപ്പം മുട്ട’ ഒരു കാലത്ത് പത്രങ്ങളില്‍ സ്ഥിരമായി വന്നുകൊണ്ടിരുന്ന പരസ്യമായിരുന്നു. പിന്നീട് ജനങ്ങള്‍ക്കിടയില്‍ ഹൃദ്രോഗം വര്‍ധിച്ചപ്പോള്‍ മുട്ട സംശയത്തിന്റെ നിഴലിലായി. കാരണം മഞ്ഞക്കരുവില്‍ പൂരിത കൊഴുപ്പും കൊളസ്‌ട്രോളും ഉണ്ടെന്നതായിരുന്നു കാരണം. എന്നാല്‍ പുതിയകാലത്ത് പോഷകാഹാരങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ വികസിച്ചതോടെ മേല്‍പ്പറഞ്ഞത് പൂര്‍ണമായും ശരിയല്ലെന്ന് വന്നു. ഇതു സംബന്ധിച്ച് ആദ്യപഠനം വന്നത് 1999ലാണ്.

ഹാര്വാര്‍ഡ് സ്‌കൂള് ഓഫ് പബ്‌ളിക് ഹെല്‍ത്തിലെ പോഷകാഹാരവകുപ്പ് പ്രായപൂര്‍ത്തിയായ 37,000 പുരുഷന്മാരിലും 80,000 സ്ത്രീകളിലും നടത്തിയ പഠനത്തില്‍ ദിവസം ഒരു മുട്ട കഴിക്കുന്നത് ഹൃദ്രോഗത്തിന് കാരണമാകില്ലെന്ന് കണ്ടെത്തി. ഒന്നും രണ്ടും വര്‍ഷമല്ല 14 വര്‍ഷമായി സ്ഥിരമായി മുട്ട കഴിക്കുന്നവരിലായിരുന്നു പരീക്ഷണം. 2016ല്‍ മിഷിഗണിലെയും വാഷിങ്ടണിലെയും എപ്പിഡ് സ്റ്റാറ്റ് ഇന്സ്റ്റിറ്റിയൂട്ടുകള് നടത്തിയ മറ്റൊരു പഠനവും സമാനമായ ഗവേഷണഫലമാണ് പുറത്തുവിട്ടിട്ടുള്ളത്.

കൂടാതെ ദിവസവും ഒരു മുട്ട കഴിക്കുന്നവര്‍ക്ക് മസ്തിഷ്‌കാഘാതം വരാനുള്ള സാധ്യത 12 ശതമാനം കുറവാണെന്നും വിലയിരുത്തുന്നു. ചുരുക്കത്തില്‍ കഴിഞ്ഞ 20 വര്‍ഷത്തില്‍ മേല്‍പ്പറഞ്ഞതടക്കം നടന്ന വ്യത്യസ്തമായ പഠനങ്ങള്‍ മുട്ട ആരോഗ്യകരമായ ഭക്ഷണമാണെന്ന് വ്യക്തമാക്കുന്നു.

ഒരു ദിവസം എത്രയെണ്ണം..?

ദിവസം ഒന്ന് എന്ന അളവാണ് മിക്ക ആരോഗ്യവിദഗ്ധരും മുന്നോട്ടുവെക്കുന്നത്. മൂന്നുമുട്ടകള്‍ ഉപയോഗിച്ചുള്ള ഓംലെറ്റ് കഴിക്കുന്നവര്‍ ആഴ്ചയില്‍ രണ്ടുദിവസമാക്കണമെന്നുമാത്രം. പൊരിച്ച് കഴിക്കുന്നതിനു പകരം പുഴുങ്ങുന്നതാണ് നല്ലതെന്നും പോഷകാഹാര വിദഗ്ധര്‍ ഉപദേശിക്കുന്നു. മുട്ടയുടെ വെള്ള മാത്രം മതിയോ, അതോ മഞ്ഞ കഴിക്കണോ എന്ന ചോദ്യം അവിടെ ബാക്കി നില്‍ക്കുന്നു. വെള്ളയില്‍ പ്രോട്ടീനും മഞ്ഞയില്‍ പൂരിതകൊഴുപ്പും ഉള്ളതിനാലാണ് ഈ സംശയം. മുട്ട പോഷക സമൃദ്ധമാണ്. സാധാരണ ഭക്ഷണത്തിലൂടെ അധികം ലഭിക്കാത്ത വിറ്റമിന് ഡി, കോലിന് തുടങ്ങിയവ മുട്ടയിലുണ്ട്. ഇവയില്‍ ഓര്മശക്തി നിലനിര്ത്തുന്ന മാനസികാവസ്ഥ സന്തുലനം ചെയ്യാന് സഹായിക്കുന്ന കോലിന് സ്വതവേ ആളുകളില് വേണ്ടത്രയെത്തുന്നില്ലെന്നും പഠനങ്ങളുണ്ട്. മുട്ടയുടെ മഞ്ഞയില് ലൂട്ടീന്, സീയെക്‌സാന്തിന് എന്നീ നിരോക്‌സീകാരികളും അടങ്ങിയിരിക്കുന്നു. കാഴ്ചശക്തിയെ സഹായിക്കുന്നവയാണിവ.

കൂടാതെ വ്യായാമം ചെയ്യുന്നവരില്‍ മുട്ടയുടെ വെള്ള മാത്രം എന്നതിലുപരി മുഴുവന്‍ മുട്ടയാണ് ഗുണകരമെന്ന് പഠനം (അമേരിക്കന്‍ ജേണല്‍ ഓഫ് ക്‌ളിനിക്കല്‍ ന്യൂട്രീഷ്യന്‍,ഡിസംബര്‍ 2017) തെളിയിക്കുന്നു. മുട്ട കഴിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് പേശികളുടെ പുനര്‍നിര്‍മാണം 40 ശതമാനം കൂടൂതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വലിയ മുട്ടയിലുള്ള 70കലോറിയില്‍ 55ഉം മഞ്ഞയില്‍ നിന്നാണ്. ഇനി കലോറിയിലധികം പ്രോട്ടീനാണ് വേണ്ടതെങ്കില്‍ ഒരു മുട്ടയും ഒന്നിലധികം മുട്ടകളുടെ വെള്ളയും ചേര്ത്ത് കഴിക്കാവുന്നതാണ്. ഇതൊക്കെയാണെങ്കിലും ഏതെങ്കിലും രോഗം ബാധിച്ചവര്‍ മറ്റു ഭക്ഷണങ്ങളുടെ കാര്യത്തിലെന്നപോലെ മുട്ട കഴിക്കുന്നതിലും ഡോക്ടറുടെ നിര്‍ദ്ദേശം പാലിക്കുന്നതാണ് നല്ലത്.

Related Topics

Share this story