Times Kerala

സംശയം വേണ്ട സദ്യ കേമന്‍ തന്നെ

 
സംശയം വേണ്ട സദ്യ കേമന്‍ തന്നെ

ശുഭശ്രീ പ്രശാന്ത്
ആറ്റുകാല്‍ ദേവി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ്
മെഡിക്കല്‍ സയന്‍സസ്
തിരുവനന്തപുരം

വാഴയിലയില്‍ വിവിധ വിഭവങ്ങളോടെ വിളമ്പുന്ന സദ്യ. 18 മുതല്‍ 26 തരം വിഭവങ്ങള്‍ക്കായി പ്രധാനപ്പെട്ട എല്ലാ ഭക്ഷ്യ ഗ്രൂപ്പുകളെയും ആശ്രയിക്കണം. ഇത്തരത്തില്‍ എല്ലാ വര്‍ഗ്ഗത്തിലുള്ള പോഷകങ്ങളും മറ്റൊരു ഭക്ഷണത്തിനും പ്രദാനം ചെയ്യാന്‍ സാധിക്കില്ല. മലയാളി മാംസവസ്തുക്കള്‍ മാറ്റി നിര്‍ത്തി പച്ചക്കറികള്‍ക്കു പ്രധാന്യം നല്‍കുന്ന ഏക ഭക്ഷണമാണ് സദ്യ. വാഴയിലയില്‍ വിളമ്പുമ്പോള്‍ അതിന്റെ പോഷകമൂല്യം ഏറെ വര്‍ദ്ധിക്കുന്നു. സദ്യയിലെ ഓരോ കറികള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. വിളമ്പുന്ന രീതി മുതല്‍ കഴിക്കുന്ന രീതി വരെ കൗതുകം ഉണര്‍ത്തുന്നതാണ്. 101 കറികള്‍ക്കു സമമായ ഇഞ്ചിക്കറിക്കു മുതല്‍ ഒടുവില്‍ കൈക്കുമ്പിളില്‍ പകര്‍ന്ന് ഒരു കവിള്‍ കഴിക്കുന്ന മോരുവെള്ളത്തിനു വരെ അതിന്റേതായ പങ്കുണ്ട്. നാവിലെ എല്ലാ സ്വാദുമുകുളങ്ങളെയും ഒരേ സമയം ത്രസിപ്പിക്കുന്ന ഭക്ഷണമാണ് സദ്യ. പുളി, മധുരം, കയ്പ്പ്, ഉപ്പ്, എരിവ് തുടങ്ങി എല്ലാ രസങ്ങളും നിറഞ്ഞതാണ് സദ്യ.

ഇഞ്ചിക്കറി
സദ്യയിലെ പ്രധാനി. തൊടുകറികളില്‍ ആദ്യം വിളമ്പുന്നവന്‍. ഇവന്‍ ചില്ലറക്കാരനല്ല. സദ്യയില്‍ ഗ്യാസ് ഉണ്ടാക്കുന്ന നിരവധി വസ്തുക്കള്‍ ഉള്ളതിനാല്‍ ഇഞ്ചിക്കറി അതിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ജീവകം സിയും ആന്റിഓക്‌സിഡന്റ്‌സും ഒപ്പം ധാരാളം നാരുകളുമുണ്ട്. ഇഞ്ചിക്കറിക്കു സമം ഇഞ്ചിക്കറി മാത്രം.

മാങ്ങാ അച്ചാര്‍
അല്പം പുളിയും എരിവും ചേര്‍ന്ന മാങ്ങാ അച്ചാര്‍ ഇല്ലാത്ത സദ്യ സങ്കല്പിക്കാന്‍ പ്രയാസം. മാങ്ങയില്‍ മുളക് ചേര്‍ത്ത് തൈര് ഒഴിച്ചെടുത്താല്‍ അത്യുത്തമം. ജീവകം സി, ഇരുമ്പ് എന്നിവ ഇതിലുണ്ട്.

നാരങ്ങാ അച്ചാര്‍
വിറ്റാമിന്‍ സിയും പൊട്ടാസ്യവും ധാരാളം അടങ്ങിയ നാരങ്ങ മുളകിട്ട് വേവിച്ച് മഞ്ഞള്‍പ്പൊടി തൂകിയെടുത്താല്‍ സദ്യയിലെ രുചി മുകുളമായി.

കിച്ചടി
അച്ചാറിനു ശേഷം ഇലയിലെ കറി. വെള്ളരിക്ക, ബീറ്റ്‌റൂട്ട്, കുമ്പളങ്ങ, പൈനാപ്പിള്‍ എന്നിവയെല്ലാം കൊണ്ട് കിച്ചടിയുണ്ടാക്കാറുണ്ട്. ഓരോന്നിനും ഗുണങ്ങള്‍ വ്യത്യസ്തമെങ്കിലും കൊഴുപ്പില്ലാത്ത മോരില്‍, വെള്ളുള്ളി, ചെറിയ ഉള്ളി, ജീരകം ഇവ ചേര്‍ത്തുണ്ടാക്കുന്ന കിച്ചടി മാംസ്യത്തിന്റെയും ധാതുക്കളുടെയും കലവറയാണ്.

തോരന്‍
തൊടുകറികളില്‍ രുചിയേറും തോരന്. വറ്റല്‍മുളക് മൂപ്പിച്ച് കടുകിട്ട് പൊട്ടിച്ച് തേങ്ങയും ജീരകവും വെള്ളുള്ളിയും ചേര്‍ത്ത് നന്നായി മൂപ്പിച്ച് കോരുന്ന തോരന്‍ സദ്യയില്‍ കേമനാണ്. തോരന് ഉപയോഗിക്കുന്ന പച്ചക്കറിയുടെ ഗുണങ്ങള്‍ അതേ തോതില്‍ ലഭിക്കാന്‍ എണ്ണയും തേങ്ങയും കുറച്ചുമാത്രം ഉപയോഗിക്കണം. ജീവകം എ,സി,ഇ എന്നിവയും കാത്സ്യം, ഇരുമ്പ് എന്നിവയാലും സംപുഷ്ടമാണ് തോരന്‍.

അവിയല്‍
എല്ലാത്തരം പച്ചക്കറികളും പ്രത്യേക അനുപാതത്തില്‍ മുറിച്ചെടുത്ത് ഉണ്ടാക്കുന്ന ഈ തൊടുകറി സദ്യയിലെ മറ്റൊരു കേമനാണ്. നാര്, മാംസ്യം, ജീവകങ്ങള്‍, ധാതുക്കള്‍, ലവണങ്ങള്‍ എന്നിവയാല്‍ സമ്പൂര്‍ണ്ണമായ അവിയല്‍ സദ്യയുടെ നിറവാണ്.

കൂട്ടുകറി
സദ്യയ്ക്ക് അല്പം എരിവും മസാലയുടെ രുചിയും പകരുന്ന കൂട്ടാണിവന്‍. ഉരുളക്കിഴങ്ങും സവാളയും ചേര്‍ത്ത് ഉടച്ചെടുത്തുണ്ടാക്കുന്ന കൂട്ടുകറിയില്‍ അന്നജവും ജീവകവും അടങ്ങിയിട്ടുണ്ട്.

പരിപ്പുകറി
ഒഴിച്ചുകറിയില്‍ സദ്യയ്ക്ക് ആദ്യം എത്തുന്നവന്‍. മാംസ്യത്തിന്റെ കലവറയാണ് പരിപ്പുകറി. നെയ്യും കൂട്ടി കഴിച്ചാല്‍ രുചിയേറും. സ്വാദില്‍ പരിപ്പിനെ വെല്ലാന്‍ മറ്റൊന്നില്ല. പരിപ്പില്‍ ചേര്‍ക്കുന്ന മഞ്ഞള്‍പ്പൊടിയിലെ കുര്‍ക്കുമിന്‍ ആന്റിഓക്‌സിഡന്റാണ്. മറ്റു കറികളെ അപേക്ഷിച്ച് മഞ്ഞള്‍പ്പൊടിയുടെ സാന്നിധ്യം കൂടുതല്‍ ഇവയ്ക്കാണ്. ഗുണമേറും പരിപ്പില്‍ തേങ്ങാപ്പീര ദോഷകരം.

സാമ്പാര്‍
മാംസ്യത്തിന്റെയും ജീവകത്തിന്റെയും നാരിന്റെയും ഫോളിക് ആസിഡിന്റെയും മിശ്രിതമാണ് സാമ്പാര്‍. പരിപ്പ്, പച്ചക്കറികള്‍, പുളി, കായം തുടങ്ങി എല്ലാ ചേരുവകളും ഒപ്പം ഇരുമ്പു നിറഞ്ഞ മല്ലിയിലയും. സാമ്പാറിലെ തക്കാളിയിലെ ലൈക്കോപിന്‍ എന്ന ആന്റിഓക്‌സിഡന്റ് ഘടകം കൊഴുപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. പരിപ്പിലെ ഗ്യാസിനെ കായവും നിയന്ത്രിക്കും.

പുളിശേ്ശരി
സാമ്പാര്‍ കഴിഞ്ഞാല്‍ സദ്യയില്‍ പായസം വിളമ്പുന്നു. പായസത്തിന്റെ മഞ്ഞുപിടിപ്പിക്കുന്ന കെട്ടിറക്കാനും ഒപ്പം ദഹനം ത്വരിതപ്പെടുത്താനും മോരും പഴവര്‍ഗ്ഗങ്ങളും ചേര്‍ന്ന പുളിശേ്ശരി സഹായിക്കും. കാത്സ്യം, പൊട്ടാസ്യം, ജീവകം സി എന്നീ ഘടകങ്ങള്‍ ഇവയിലുണ്ട്. പൈനാപ്പിള്‍, പഴം എന്നിവ പുളിശേ്ശരിക്ക് ഉപയോഗിക്കുന്നു.

ഓലന്‍
പുളിശേ്ശരിയുടെ സന്തതസഹചാരി. കുമ്പളങ്ങയും വന്‍പയറും തേങ്ങാപ്പാലും ചേര്‍ത്തുണ്ടാക്കുന്ന കറിക്കൂട്ട്. ഫോസ്ഫറസ്, ഇരുമ്പ്, ജീവകം സി തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

രസം
പുളി, വെളുത്തുള്ളി, തക്കാളി, ഇഞ്ചി, മല്ലിയില ഇവയുടെ മിശ്രിതമായ രസം ദഹനം ത്വരിതപ്പെടുത്താന്‍ ഉത്തമം. ഫോളിക് ആസിഡ്, ലൈക്കോപിന്‍, നിയാസിന്‍ തുടങ്ങിയ ഘടകങ്ങള്‍ ഇതില്‍ ധാരാളമുണ്ട്.

മോര്
ഇഞ്ചിയും ഉലുവയും വെളുത്തുള്ളിയും ചതച്ചിട്ട മോര് ദഹനത്തിന് അത്യുത്തമം. സദ്യയുടെ ഈ കലാശക്കൊട്ട് പ്രോബയോട്ടിക്‌സിനാല്‍ സംപുഷ്ടമാണ്. കൂടാതെ മാംസ്യവും കാത്സ്യവും ഇവയിലെ മറ്റു ഘടകങ്ങളാണ്.

പായസം
പായസമില്ലാത്ത സദ്യ അപൂര്‍ണ്ണമാണ്. ശര്‍ക്കരപ്പായസും പാല്‍പ്പായസവും ഉണ്ടാക്കാറുണ്ട്. ഓരോന്നിനും ഗുണങ്ങള്‍ വ്യത്യസ്തമാണെങ്കിലും കാത്സ്യം, ഇരുമ്പ്, സെലിനിയം തുടങ്ങിയവയാല്‍ സംപുഷ്ടമാണ് പായസം.

ചമ്പാവരി ചോറ്
അന്നജം പ്രദാനം ചെയ്യുന്ന പ്രധാന സ്രോതസ്‌സ്. അധികമായി സംസ്‌കരിക്കാത്ത ചമ്പാവരിയില്‍ ജീവകം ബി1, ബി2, റൈബോഫ്‌ളാവിന്‍, നിയാസിന്‍ തുടങ്ങിയവയുമുണ്ട്.

Related Topics

Share this story