Times Kerala

സൗജന്യ റേഷന്‍ വിതരണം: അഞ്ച് പേരില്‍ കൂടുതല്‍ കടക്കുമുന്നില്‍ നില്‍ക്കാന്‍ പാടില്ല

 
സൗജന്യ റേഷന്‍ വിതരണം:   അഞ്ച് പേരില്‍ കൂടുതല്‍  കടക്കുമുന്നില്‍ നില്‍ക്കാന്‍ പാടില്ല

സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ഇന്ന്‌ (01.04.20) ആരംഭിക്കുന്നതിനാല്‍ കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഒരേ സമയം അഞ്ച് പേരില്‍ കൂടുതല്‍ റേഷന്‍ കടക്കുമുന്നില്‍ നില്‍ക്കാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി പ്രഖ്യാപിച്ച താഴെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള ശാരീരിക അകലം പാലിച്ചു മാത്രമേ വിതരണം നടത്താവൂ. ഇതിനായി ടോക്കണ്‍ വ്യവസ്ഥ പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാം. റേഷന്‍ വീടുകളില്‍ എത്തിക്കാന്‍ സ്വയം സന്നദ്ധരായി വരുന്നവരെ പ്രോത്സാഹിപ്പിക്കാനാവില്ല. ജനപ്രതിനിധികളുടെയോ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സന്നദ്ധ പ്രവര്‍ത്തകരുടെയോ സഹായം മാത്രമേ ഇതില്‍ റേഷന്‍ വ്യാപാരികള്‍ക്ക് സ്വീകരിക്കാവൂ.

എല്ലാ ദിവസവും രാവിലെ മുതല്‍ ഉച്ചവരെ
അന്ത്യോദയ മുന്‍ഗണന വിഭാഗങ്ങള്‍ക്കും ഉച്ചയ്ക്കുശേഷം മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും (നീല, വെള്ള കാര്‍ഡുകള്‍ക്ക്) റേഷന്‍ വിതരണം നടത്തും.

റേഷന്‍ കാര്‍ഡ് നമ്പര്‍ 0, 1 എന്ന അക്കത്തില്‍ അവസാനിക്കുന്നവര്‍ക്ക് ഒന്നാം തീയതി റേഷന്‍ നല്‍കും. 2, 3 എന്ന അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് രണ്ടാം തീയതി; 4, 5 എന്ന അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് മൂന്നാം തീയതി; 6, 7 എന്ന അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് നാലാം തീയതി; 8, 9 എന്ന അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് അഞ്ചാം തീയതി എന്നിങ്ങനെയാകും റേഷന്‍ ലഭിക്കുക. അഞ്ചു ദിവസത്തിനുള്ളില്‍ എല്ലാവര്‍ക്കും റേഷന്‍ നല്‍കാനാകും. നിശ്ചിത ദിവസങ്ങളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് വാങ്ങാന്‍ അവസരമുണ്ടാകും.

നേരിട്ടെത്തി റേഷന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം റേഷന്‍ കടകളില്‍ ഉറപ്പുവരുത്തും.

ഈ മാസം റേഷന്‍ വിതരണം കൂടുതല്‍ അളവിലാണ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. ധാന്യം വാങ്ങാന്‍ വരുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്തവിധം ക്രമീകരണം നടത്തുവാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടല്‍ ഉണ്ടാവണം. സാധാരണ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നേരിട്ട് ഇത്തരം കാര്യങ്ങളില്‍ ഇടപെടാറില്ല. പക്ഷേ ഈ ഘട്ടത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശ്രദ്ധയുണ്ടാവണം.

സന്നദ്ധ പ്രവര്‍ത്തകര്‍ ഏറ്റവും മുന്തിയ പരിഗണന നല്‍കേണ്ടത് അന്ത്യോദയ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ആദ്യം ധാന്യം ലഭ്യമാക്കുന്നതിലാണ്.

വീടുകളില്‍ തനിയെ താമസിക്കുന്ന മുതിര്‍ന്ന പൗരډാര്‍, ശാരീരിക അവശതകള്‍ ഉള്ളവര്‍, അസുഖം ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് വീടുകളില്‍ റേഷന്‍ എത്തിച്ചുകൊടുക്കുവാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ തയ്യാറാകണം. ഇത് തികഞ്ഞ സത്യസന്ധതയോടും സുതാര്യതയോടും കൂടി ചെയ്യണം. റേഷന്‍ കടകളില്‍ ഉണ്ടാകാനിടയുള്ള അഭൂതപൂര്‍വ്വമായ തിരക്ക് ഒഴിവാക്കണം. ശാരീരിക അകലം ഉറപ്പാക്കാനുള്ള ക്രമീകരണം വരുത്തണം. പെന്‍ഷന്‍ വിതരണത്തിനു ചെയ്തതു പോലെ കാര്‍ഡ് നമ്പര്‍ വെച്ചാണ് വിതരണം ക്രമീകരിക്കുക.

Related Topics

Share this story