Times Kerala

കൈതപ്പൊയിലില്‍ അതിഥി തൊഴിലാളികളുടെ ക്യാമ്പില്‍ ഡെപ്യൂട്ടി കലക്ടര്‍ സി ബിജു പരിശോധന നടത്തി

 
കൈതപ്പൊയിലില്‍ അതിഥി തൊഴിലാളികളുടെ  ക്യാമ്പില്‍ ഡെപ്യൂട്ടി കലക്ടര്‍ സി ബിജു പരിശോധന നടത്തി

കോടഞ്ചേരി പഞ്ചായത്തിലെ കൈതപ്പൊയില്‍ മര്‍കസ് നോളജ് സിറ്റിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ പ്രവൃത്തികള്‍ക്കായി വിവിധ സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ അതിഥി തൊഴിലാളികളുടെ ക്യാമ്പ് ഡെപ്യൂട്ടി കലക്ടര്‍ സി ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു.
വേതന കുടിശ്ശിക, ഭക്ഷ്യലഭ്യത എന്നീ കാര്യങ്ങളില്‍ അതിഥി തൊഴിലാളികള്‍ ഉന്നയിച്ച പരാതികള്‍ സംഘം കേട്ടു.
തുടര്‍ന്ന് താലൂക്ക് ഓഫീസില്‍ മുഴുവന്‍ കരാറുകാരെയും വിളിച്ചു വരുത്തി. സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും മാര്‍ഗ നിര്‍ദേശ പ്രകാരമുള്ള നടപടികള്‍ ഉറപ്പുവരുത്തുമെന്ന് കരാറുകാര്‍ അറിയിച്ചു. വേതന കുടിശ്ശിക
ഉടനടി നല്‍കാനും ലോക്ക്ഡൗണ്‍ കാലയളവില്‍ തൊഴിലാളികള്‍ക്ക് മുഴുവന്‍ വേതനവും നല്‍കാനും തീരുമാനിച്ചു.

ഒരാഴ്ചയ്ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ കരാറുകാര്‍ ക്യാമ്പുകളില്‍ എത്തിക്കുക, തൊഴിലാളികളുടെ ക്ഷേമ കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി ക്യാമ്പില്‍ സൂപ്പര്‍വൈസറെ നിയോഗിക്കുക, കോടഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ തൊഴിലാളികളുടെ ആരോഗ്യ പരിശോധന നടത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കരാറുകാര്‍ക്ക് നല്‍കി.
ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതിന് കോടഞ്ചേരി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നിര്‍ദേശവും നല്‍കി.

ജില്ലാ ലേബര്‍ ഓഫീസര്‍ വി പി രാജന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ഗിരീഷ്‌കുമാര്‍, വില്ലേജ് ഓഫീസര്‍ പ്രഭാകരന്‍ നായര്‍, മര്‍ക്കസ് നോളജ്‌സിറ്റി ഓപ്പറേഷന്‍ മാനേജര്‍ സയ്ദ്മുഹമ്മദ്, പഞ്ചായത്ത് ഹെല്‍ത്ത് ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു.

Related Topics

Share this story