Times Kerala

ജീവിതത്തില്‍ ആദ്യമായി ചിത്തഭ്രമം അനുഭവിക്കുന്ന ആളെ കണ്ട അവസ്ഥ; സൈക്കോളജിസ്റ്റിന്റെ കുറിപ്പ്

 
ജീവിതത്തില്‍ ആദ്യമായി ചിത്തഭ്രമം അനുഭവിക്കുന്ന ആളെ കണ്ട അവസ്ഥ; സൈക്കോളജിസ്റ്റിന്റെ കുറിപ്പ്

#കല, കൗൺസലിംഗ് സൈക്കോളജിസ്റ്റ് 

Schizhophrenia അഥവാ ചിത്തഭ്രമം
+:++++++++++++++++++++++++++++++++:
വർഷങ്ങൾക്ക് മുന്പ്, ആദ്യമായി കണ്ട schizhophrenic, അഥവാ ചിത്തഭ്രമം അനുഭവിക്കുന്ന ഒരു മനുഷ്യന്റെ ഓർമ്മ ഉണ്ട്.. ചിന്തകൾ, പെരുമാറ്റങ്ങൾ, വികാരങ്ങൾ, പ്രവർത്തനം തുടങ്ങി എല്ലാം താളം തെറ്റുന്ന മാനസിക അവസ്ഥ.. മുറിയിൽ കേറി ചെല്ലുമ്പോൾ, അവിടെ അയാളുടെ ഭാര്യ മാത്രമായിരുന്നു. സീനിയർ ഡോക്ടർ ടെ കൂടെ സൈക്കോളജി ട്രെയിനീ ആയ ഞാനും ഉണ്ട്..

കുറച്ചു കഴിഞ്ഞു മകളെത്തി.. ചേട്ടാ, ദേ മോള് എന്ന് പറഞ്ഞു അദേഹത്തിന്റെ ശ്രദ്ധ മകളിലേയ്ക്ക് ആക്കാൻ അവർ ശ്രമിച്ചു.. ഇതാരാ എന്ന് ചോദിച്ചു, അപരിചിതനെ പോൽ ഒരൽപ്പം ഭയം കലർന്ന ഭാവത്തോടെ അയാൾ കട്ടിലിൽ ചുരുങ്ങി ഇരുന്നു.. എന്റെ മോൾ ഇതല്ല, എന്നെ കൊല്ലാൻ വരുന്ന ആരോ ആണ്.. മോളെ പോലെ ഒരുക്കി കൊണ്ട് വന്നിരിക്കുന്നു.. തീവ്രമായ രോഗാവസ്ഥയിൽ ആയിരുന്നു അയാൾ.. നിറ കണ്ണുകളോടെ നിൽക്കുന്ന മകളെ ചേർത്ത് പിടിച്ചു ഒരു ബന്ധു പുറത്തേയ്ക്ക് നടന്നു നീങ്ങി.. ഭാര്യയുടെ മുഖത്തു പ്രത്യേകിച്ച് ഭാവങ്ങൾ ഒന്നും തന്നെയില്ല.. ഭാര്തതാവിന്റെ രോഗത്തെ കുറിച്ച് വ്യാകുലപ്പെടാതിരിക്കാനും, ദുഃഖങ്ങൾ സഹിക്കാനും അവർ ശീലിച്ചു കഴിഞ്ഞു… മനസ്സിനെ അതിന്റെ ജാഡ്യത്തിൽ നിന്നും മ്ലാനതയിൽ നിന്നും ഉണർന്ന് പ്രവർത്തിച്ചാൽ മാത്രമേ അവർക്ക് ഭാര്തതാവിനെ ശുശ്രൂഷിക്കാൻ പറ്റു.. ആകാശം ഇടിഞ്ഞു വീഴാൻ പോകുന്നു എന്ന് പറഞ്ഞാലും അവർ കുലുങ്ങില്ല എന്ന് തോന്നി..

മാനസിക പ്രശ്നം മറച്ചു വെച്ച് വിവാഹം കഴിപ്പിച്ചു… തിരിച്ചു സ്വന്തം വീട്ടിൽ പോയില്ല..ഇതാണ് തന്റെ വിധി എന്ന് സ്വയം തീരുമാനം എടുത്തു.. ഡോക്ടർ അവരെ കുറിച്ച് പറഞ്ഞു.. ജീവിതത്തിന്റെ പാതി വഴി എത്തിയിട്ടേ ഉള്ളു.. ഇടയ്ക്ക് സംഭവിക്കും പോലെ, ഭാര്തതാവിന്റെ ബോധമനസ്സു എവിടെയോ മറഞ്ഞിരിക്കുന്നു.. മഞ്ഞും മഴയും വേനലും ഒക്കെ അവിടെ കാലം തെറ്റിയാണ് വരുക.. ഇപ്പൊ, അദ്ദേഹം ഒരു ഭാവനാ ലോകത്താണ്.. യുക്തി ബോധം തകിടം മറിഞ്ഞു കിടക്കുക ആണ്.. മനസ്സ് വളഞ്ഞ വഴികളിലൂടെ സഞ്ചരിക്കുക ആണ്.. രണ്ടു തരം അവസ്ഥകളുണ്ട്.. അധിക ലക്ഷണം അഥവാ positive symptoms.. ന്യൂന ലക്ഷണം അഥവാ negative symptoms.. അധിക ലക്ഷണത്തിൽ പെടുന്നത് ആണ്, മിഥ്യാവിശ്വാസം അല്ലേൽ മിഥ്യാ അനുഭവങ്ങൾ…Delusions & hallucinations…

മേൽ പറഞ്ഞ കേസിലെ വ്യക്തിക്ക് തന്റെ മകൾ അല്ല വന്നത് എന്ന വിശ്വാസം, അത് തന്നെ ഇല്ലാതാക്കാൻ മകളുടെ രൂപം ഉണ്ടാക്കി അയൽവാസി അയച്ചതാണ് എന്നാണ് അദ്ദേഹം പറയുന്നത്.. തനിക്കു അയാൾ മറ്റാരോ ആയി ഗൂഢാലോചന നടത്തുന്നത് കേൾക്കാം, അവരുടെ ശബ്ദം, അവർ പറയുന്നത് ഒക്കെ അറിയുന്നു എന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ട്.. ജോലി സ്ഥലത്തും തന്നെ ഇല്ലാതാക്കാൻ ഗൂലലോചന ഉണ്ടെന്ന് അദ്ദേഹം യുക്തിക്കു നിരക്കാത്ത തെളിവുകൾ നിരത്തികൊണ്ട് പറഞ്ഞു.. താൻ കാണുന്നുണ്ട്, അവർ കൂട്ടമായി നിന്നു തന്നെ കളിയാക്കി ചിരിക്കുന്നതും സംസാരിക്കുന്നതും.. അയൽവാസി പണം കൊടുത്തു കൂടോത്രം ചെയ്യിപ്പിക്കും എന്ന് പറഞ്ഞു നിർത്താതെ കരയുന്നു… പിന്നെയും ആസ്‌പഷ്‌ടമായ വാക്കുകൾ നിരത്തി സംസാരിക്കുന്നു.. ഇടയ്ക്ക് അക്രമ സ്വഭാവം പ്രകടിപ്പിക്കുന്നു.. പിന്നെ നിർത്തി ചിരിക്കുന്നു..

കൂടെ നിൽക്കുന്ന ഭാര്യയുടെ മനസ്സും ഈ അവസരത്തിൽ ശ്രദ്ധിക്കണം.. അവർ എത്ര മാത്രം സ്വയം തന്റേടം ആർജ്ജി ക്കുന്നു, എന്നത് പ്രധാനപെട്ട കാര്യമാണ്… അവർക്കുള്ള പിന്തുണ കുടുംബത്തിൽ ഉള്ള മറ്റുള്ളവർ കൊടുക്കാൻ തയ്യാറാണ് എങ്കിൽ, അതിജീവിച്ചു പോകും.. അവർ ഇടയ്ക്ക് കൗൺസലിംഗ് എടുത്താലും നല്ലതാണ്.. ഈ രോഗാവസ്ഥ കൈകാര്യം ചെയ്യുക അത്രയും കഠിനം തന്നെയാണ്.. മനുഷ്യൻ ആണല്ലോ.. ചിലപ്പോൾ, ഒരുപരിധി കഴിഞ്ഞാൽ ആരും ആരെയും സഹിക്കാനും ഉൾകൊള്ളാനും നിൽക്കില്ല.. അങ്ങനെ എങ്കിൽ ആ രോഗി നിസ്സഹായൻ ആണ്..അയാളുടെ രോഗാവസ്ഥ കൂടും… ക്ഷമ ആണ് നോക്കുന്നവർ എടുക്കേണ്ട ആയുധം..

തലച്ചോറിൽ ഉള്ള ഡോപ്പമിൻ എന്ന രാസവസ്തുവിന്റെ ക്രമീകരണം ആണ് ഇതിന്റെ ചികിത്സ..കൗൺസലിങ് കൊണ്ട് മാറ്റം ഉണ്ടാകില്ല.. എന്നാൽ മരുന്ന് കഴിച്ചു ഉൾകാഴ്ച്ച ഉണ്ടായ ശേഷം കുടുംബങ്ങളുടെ പിന്തുണയോടെ കൗൺസലിംഗ് ഘട്ടം, ഘട്ടം ആയി നൽകാം.. അടിവര ഇട്ടു പറയുന്നു, രോഗിയുടെ അവസ്ഥ പൂർണ്ണമായും കുടുംബം ഉൾകൊള്ളാൻ ശ്രമിക്കണം.. ഡോക്ടറുടെ നിർദേശങ്ങൾ അനുസരിക്കുക.. മരുന്നുകൾ മുടങ്ങാതെ നൽകുക..

ഭൂതകണ്ണാടി എന്ന സിനിമ കണ്ടാൽ, അതിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം ഈ അസുഖത്തിന്റെ പിടിയിൽ ആണ്.. അയാൾ മറ്റാരും കാണാത്ത ഒരു ലോകം കാണുക ആണ്, കേൾക്കുക ആണ് .( visual & auditatory hallucinations) മതിൽ ഭിത്തിയിലെ കുഞ്ഞ് തുളയിൽ കൂടി… അവിടത്തെ, കാഴ്ചകൾ നോക്കി ഇരിക്കുന്നു.. ആളുകളെ കാണുന്നു.. ശബ്ദം കേൾക്കുന്നു… ആ ലോകത്തെ ദുരന്തങ്ങൾ അയാൾ കണ്ടു കൊണ്ട് ഓരോ നിമിഷവും മുന്നോട്ട് പോകുക ആണ്, ഒടുവിൽ ബോധവസ്ഥ പൂർണ്ണമായും അയാളിൽ ഇല്ലാതാകുന്നു..

ഇന്ന് ശാസ്ത്രം ഇത്രയും പുരോഗമിച്ചു.. മറ്റേത് മാനസിക രോഗത്തെ പോൽ മരുന്നുകൾ മുടങ്ങാതെ കഴിച്ചാൽ സാധാരണ ജീവിതം ഇവർക്കും സാധിക്കും എന്നത് വളരെ പ്രധാനപെട്ട കാര്യമാണ്.. എനിക്കു അറിയുന്ന ഉന്നതങ്ങളിൽ ജോലി നോക്കുന്ന ചിലർ ഒരു അഭിമാനം ആണ്… രോഗത്തെ ഉൾക്കൊണ്ടു കൊണ്ട് അവർ ചികിത്സയോട് സഹകരിക്കുന്നു.. മറ്റുള്ളവരെ പോൽ ജീവിതം കൊണ്ട് പോകുന്നു.. ഭയം എന്നത് അജ്ഞതയിൽ നിന്നല്ലേ.. രോഗം എന്താണെന്ന് മനസ്സിലാക്കി ഉൾക്കൊണ്ടു, മരുന്ന് കഴിച്ചു പോയാൽ ശരീരം നേരിടുന്ന പ്രശ്നം പോൽ മാത്രമേ ഇതിലും ഉള്ളു…

Related Topics

Share this story