Times Kerala

ചായക്കൊപ്പം ചെമ്മീന്‍ കട്‌ലറ്റ്..!

 
ചായക്കൊപ്പം ചെമ്മീന്‍ കട്‌ലറ്റ്..!

വൈകുന്നേരത്തെ ചായയോടൊപ്പം എന്ത് കഴിയ്ക്കും എന്ന് ആലോചിച്ച് തല പുകയ്ക്കുന്നവര്‍ക്ക് ഇന്ന് അല്‍പം വ്യത്യസ്തമായ ചെമ്മീന്‍ കട്‌ലറ്റായാലോ? ചിക്കന്‍ കട്‌ലറ്റ്, വെജിറ്റബിള്‍ കട്‌ലറ്റ് എന്നിവ കഴിച്ച് ആസ്വദിച്ചവര്‍ക്ക് ഇനി അല്‍പം രുചിയുടെ വ്യത്യസ്തതയുമായി ചെമ്മീന്‍ കട്‌ലറ്റ് തയ്യാറാക്കാം.

വീട്ടില്‍ തന്നെ ഉണ്ടാക്കി നോക്കി അതിന്‌റെ രുചിയും ഗുണവും അറിഞ്ഞ് നോക്കൂ. പിന്നീട് നിങ്ങളുടെ പാടക ലിസ്റ്റില്‍ ഒരു പുതിയ വിഭവം കൂടി കൂട്ടുകൂടി എന്നത് തന്നെയാണ് പ്രത്യേകത. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുമെന്നതും ഇതിന്റെ പ്രത്യേകത തന്നെയാണ്.

ആവശ്യമുള്ള സാധനങ്ങള്‍

ചെമ്മീന്‍- 500 ഗ്രാം

സവാള-250 ഗ്രാം

പച്ചമുളക്- 4 എണ്ണം

കറിവേപ്പില- 2 തണ്ട്

ഇഞ്ചി- ചെറിയ കഷ്ണം

മൈദ- 1 കപ്പ്

മുളക് പൊടി- ഒന്നര ടീസ്പൂണ്‍

വെളിച്ചെണ്ണ-വറുക്കാന്‍ പാകത്തിന്

കടുക്-കാല്‍ സ്പൂണ്‍

റൊട്ടിപ്പൊടി- ആവശ്യത്തിന്

ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

ചെമ്മീന്‍ വൃത്തിയാത്തി ഇതിലേക്ക് മുളക് പൊടിയും ഉപ്പും ചേര്‍ത്ത് വേവിയ്ക്കാം. ഇത്തരത്തില്‍ വേവിച്ച ചെമ്മീന്‍ മിക്‌സിയില്‍ ചെറുതായി അരച്ചെടുക്കാം. ചീനച്ചട്ടി അടുപ്പത്ത് വെച്ച് എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടുമ്പോള്‍ ചെറുതായി അരിഞ്ഞു വെച്ച പച്ചമുളകും ഇഞ്ചിയും സവാളയും കറിവേപ്പിലയും ഇട്ട് വഴറ്റിയെടുക്കണം.

പിന്നീട് അരച്ച് വെച്ച ചെമ്മീനും റൊട്ടിപ്പൊടിയും വഴറ്റി വെച്ച ചേരുവകളും ഉപ്പും ചേര്‍ത്ത് ഉരുട്ടിയെടുത്ത് വടപരുവത്തില്‍ പരത്തിയെടുക്കണം. ഇത് കലക്കിയ മൈദയില്‍ മുക്കി തിളയ്ക്കുന്ന എണ്ണയിലിട്ട് മൂക്കുമ്പോള്‍ കോരിയെടുക്കാം. ചെമ്മീന്‍ കട്‌ലറ്റ് തയ്യാര്‍.

Related Topics

Share this story