Times Kerala

മൂത്രമൊഴിയ്ക്കുമ്പോള്‍ നീറ്റലോ?

 
മൂത്രമൊഴിയ്ക്കുമ്പോള്‍ നീറ്റലോ?

ശരീരത്തില്‍ നിന്നും അധികമുള്ള വെള്ളവും വിഷാംശവുമെല്ലാം നീക്കം ചെയ്യാനുള്ള ഒരു വഴിയാണ് മൂത്രമൊഴിയ്ക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ മൂത്രമൊഴിയ്ക്കുമ്പോള്‍ നീറ്റലും വേദനയുമുണ്ടാകുന്നത് പലര്‍ക്കും പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്.

അസുഖങ്ങള്‍ കൊണ്ടും അതല്ലാതെയും ഇതിനുള്ള വിവിധ കാരണങ്ങളെക്കുറിച്ച് അറിയൂ.

അണുബാധ

മൂത്രമൊഴിയ്ക്കുമ്പോള്‍ നീറ്റലുണ്ടാകുന്നതിന്റെ ഒരു പ്രധാന കാരണം അണുബാധയാണ്. യൂറിനറി ഇന്‍ഫെക്ഷനൊപ്പം പനി, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ടാകും. പ്രമേഹം, ഗര്‍ഭം, കിഡ്‌നി സ്റ്റോണ്‍ തുടങ്ങിയവയെല്ലാം യൂറിനറി അണുബാധ വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.

ലൈംഗിക രോഗങ്ങളും

ലൈംഗിക രോഗങ്ങളും മൂത്രമൊഴിയ്ക്കുമ്പോള്‍ വേദനയുണ്ടാക്കും. ജെനൈറ്റല്‍ ഹെര്‍പിസ്, ഗൊണേറിയ തുടങ്ങിയ രോഗങ്ങളുള്ളവര്‍ക്ക് മൂത്രമൊഴിയ്ക്കുമ്പോള്‍ വേദനയുണ്ടാകുന്നത് സ്വാഭാവികമാണ്.

മുറിവുകള്‍

യൂണിനറി ട്രാക്റ്റില്‍ മുറിവുകളുണ്ടാകുന്നതും മൂത്രമൊഴിയക്കുമ്പോള്‍ വേദനയുണ്ടാക്കും. ട്യൂമറുകള്‍, മെനോപോസ് സമയത്തുണ്ടാകുന്ന വജൈനല്‍ മാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം ഇത്തരം മുറിവുകള്‍ക്ക് ഇട വരുത്തും.

കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍ അഥവാ മൂത്രക്കല്ലും മൂത്രമൊഴിയ്ക്കുമ്പോള്‍ വേദനയും നീറ്റലുമുണ്ടാക്കും. മൂത്രക്കല്ല് മൂത്രമൊഴിയ്ക്കുന്ന സമയത്ത് മൂത്രസഞ്ചിയ്ക്കു സമീപത്തേയ്ക്കു നീങ്ങുന്നത് വേദനയുണ്ടാക്കും. കിഡ്‌നി സ്റ്റോണ്‍ അധികമെങ്കില്‍ നടുവേദനയു ഛര്‍ദിയുമുണ്ടാകും.

ഫംഗസ് അണുബാധ

ഫംഗസ് അണുബാധയും മൂത്രമൊഴിയ്ക്കുമ്പോള്‍ വേദനയുണ്ടാകാന്‍ ഇടയാക്കും. പ്രത്യേകിച്ച് വജൈനല്‍ കാന്‍ഡിഡിയാസിസ് എന്ന രോഗം. ഇത് പ്രധാനമായും പ്രമേഹബാധിതര്‍ക്കുണ്ടാകുന്ന രോഗമാണ്. യീസ്റ്റ് അണുബാധയുണ്ടാകുമ്പോള്‍ മൂത്രത്തിലെ അസിഡിറ്റി വര്‍ദ്ധിക്കും. ഇത് മൂത്രമൊഴിയ്ക്കുമ്പോള്‍ വേദനയും നീറ്റലുമുണ്ടാക്കും.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി താരതമ്യേന കുറയുകയാണ് ചെയ്യുന്നത്. ഇത് അണുബാധകള്‍ക്കുള്ള സാധ്യത കൂട്ടുന്നു. ഗര്‍ഭിണികളില്‍ യൂറിനറി ഇന്‍ഫെക്ഷന്‍ വരാന്‍ സാധ്യത കൂടുതലാണ്.

പ്രോസ്റ്റിറ്റിസ്

പുരുഷന്മാരില്‍ പൊതുവെ യൂറിനറി ഇന്‍ഫെക്ഷന്‍ സാധ്യത കുറവാണെങ്കിലും പ്രോസ്റ്റിറ്റിസ് എന്ന രോഗം ഇതിനിട വരുത്തും. പ്രോസ്‌റ്റേറ്റ് ഗ്ലാന്റിനുണ്ടാകുന്ന വീക്കമാണ് ഇതിനു കാരണം. പ്രധാനമായും മധ്യവയസ്‌കരിലാണ് ഈ രോഗമുണ്ടാകുക.

വെള്ളം കുറവാകുമ്പോള്‍

ആവശ്യത്തിന് വെള്ളം കുടിയ്ക്കാത്തതും ചിലപ്പോള്‍ മൂത്രമൊഴിയ്ക്കുമ്പോഴുള്ള വേദനയ്ക്കിട വരുത്തും. വെള്ളം കുറവാകുമ്പോള്‍ മൂത്രത്തിന്റെ അസിഡിറ്റി കൂടുന്നതാണ് ഇതിനു കാരണം.

Related Topics

Share this story