Times Kerala

ഉറക്കമില്ലായ്മയുടെ കാരണങ്ങള്‍

 
ഉറക്കമില്ലായ്മയുടെ കാരണങ്ങള്‍

ഇന്‍സോമ്നിയ എന്ന ഉറക്കമില്ലായ്മയുടെ അവസ്ഥയും, അമിതമായ ഉറക്കം എന്ന പ്രശ്നവും നേരിടുന്നവര്‍ ഒട്ടേറെയുണ്ട്. ഇവക്ക് പല പരിഹാരമാര്‍ഗ്ഗങ്ങളുമുണ്ട്.

പകല്‍ സമയത്തെ ജോലി ചെയ്യാനുള്ള ശേഷി, മൂഡ്, ആരോഗ്യം, ഉത്സാഹം എന്നിവയെയൊക്കെ പ്രതികൂലമായി ബാധിക്കുന്നതാണ് ഇന്‍സോമ്നിയ. ഇത് അമിതമായാല്‍ ആരോഗ്യത്തിന് വലിയ ഭിഷണി ഉയര്‍ത്തും. ജീവിത ശൈലിയിലുള്ള മാറ്റവും, ചില ശീലങ്ങളും മാറ്റിയാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണാം.

ജോലി സമയവും, നൈറ്റ് ഷിഫ്റ്റുകളും

ക്രമമല്ലാത്ത ജോലി സമയവും, നൈറ്റ് ഷിഫ്റ്റുകളും ഉറക്കത്തിന്റെ സാധാരണമായ രീതിക്ക് തടസം സൃഷ്ടിക്കും. ശരീരത്തിനാവശ്യമായ ഉറക്കം തടസ്സപ്പെടുന്നതിനാല്‍ ഉണര്‍ന്നിരിക്കുന്ന സമയത്ത് ഉറക്കംതൂങ്ങലും, മന്ദതയും വരാം.

വ്യായാമക്കുറവ്‌

ശരീരത്തിന് വ്യായാമങ്ങള്‍ അനിവാര്യമാണ്. ഇവ ഇല്ലാതിരുന്നാല്‍ ഉറക്കക്കൂടുതല്‍ അനുഭവപ്പെടാം. ശാരീരികപ്രവര്‍ത്തനങ്ങളുടെ മന്ദത മൂലം മയക്കവും, ഉറക്കവും അമിതമായി അനുഭവപ്പെടും.

അമിതവണ്ണം

പഠനങ്ങളനുസരിച്ച് അമിതവണ്ണം ഉള്ളവര്‍ക്ക് ഹൈപ്പര്‍സോമ്നിയ അഥവാ ഉറക്കക്കൂടുതല്‍ അനുഭവപ്പെടും. അമിതവണ്ണം മൂലം ശാരീരികപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവുന്നതിനാലാണ് അധികമായി ഉറക്കമുണ്ടാകുന്നത്.

വളര്‍ത്തു മൃഗങ്ങളെ ഒപ്പം കിടത്തുന്നത്

വളര്‍ത്തുമൃഗങ്ങളെ കിടക്കയില്‍ ഒപ്പം കിടത്തുന്നവരുണ്ട്. ഇത് ഉറക്കം കുറയാനിടയാക്കുമെന്നാണ് പൊതുവെ കാണാന്‍ സാധിക്കുന്നത്. ‘മെയോ ക്ലിനിക് സ്ലീപ്പ് ഡിസോര്‍ഡര്‍ സെന്‍ററിന്‍റെ’ പഠനപ്രകാരം വളര്‍ത്തുമൃഗങ്ങളെ കൂടെകിടത്തുന്ന 53 ശതമാനത്തോളം പേര്‍ക്ക് ഉറക്കത്തിന് തടസം നേരിടുന്നുണ്ട്.

മദ്യം

മദ്യം ഉറങ്ങാന്‍ സഹായിക്കുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഉറക്കത്തിന്‍റെ ആദ്യഘട്ടത്തില്‍ ഇത് സഹായിക്കുമെങ്കിലും രക്തത്തില്‍ ആല്‍ക്കഹോളിന്‍റെ അംശം കുറയുമ്പോള്‍ വീണ്ടും ഉണരാനിടയുണ്ട്. അതിനാല്‍ മദ്യം കഴിക്കാറുള്ളവര്‍ കിടക്കുന്നതിന് രണ്ടോ മൂന്നോ മണിക്കൂറുകള്‍ക്ക് മുമ്പേ അത് കഴിച്ചിരിക്കണം.

ഗ്യാസ്

ഗ്യാസിന്‍റെ പ്രശ്നമുള്ളവര്‍ക്ക് ഉറക്കത്തിനിടെ തടസങ്ങളുണ്ടാവുന്നത് സാധാരണമാണ്. GERD അഥവാ ഗാസ്ട്രോസോഫാഗീല്‍ റിഫ്ളക്സ് ഡിസോര്‍ഡര്‍ ഉള്ളവര്‍ ഉറങ്ങുന്ന അവസരത്തില്‍ അന്നനാളത്തിലേക്ക് ഗ്യാസ് കടക്കുകയും വേദനയും, നെഞ്ചെരിച്ചിലും ഉണ്ടാവുകയും ചെയ്യും. ചിലര്‍ തലയിണ ചരിച്ച് താങ്ങ് നല്കി അതില്‍ കിടന്ന് ഈ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കാറുണ്ട്.

വേദന

തലവേദന, നടുവ് വേദന, ആര്‍ത്രൈറ്റിസ്, ഫൈബ്രോമാല്‍ജിയ, ആര്‍ത്തവ സംബന്ധമായ വേദനകള്‍ എന്നിവ രാത്രിയില്‍ ഉറക്കത്തിന് തടസമുണ്ടാക്കും. അല്പം മാത്രമേ വേദനയുള്ളുവെങ്കില്‍ പോലും ഉറക്കത്തിന് ഭംഗം വരാം.

പങ്കാളി

കൂടെക്കിടക്കുന്ന പങ്കാളിയുടെ പ്രശ്നങ്ങളും ഉറക്കത്തിന് തടസമാകും. കൂര്‍ക്കംവലി, ഉറക്കത്തില്‍ ശരീരത്തില്‍ തട്ടുക എന്നതൊക്കെ ഇടക്ക് ഉണരാനിടയാക്കും.

ബെഡ്റൂം

അധികം ചൂടോ തണുപ്പോ ഉള്ള ബെഡ്റൂം,ബെഡ്റൂമിലുള്ള അമിതമായ വെളിച്ചം, ശബ്ദങ്ങള്‍, ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്നിവയൊക്കെ ഉറക്കത്തിന് ഭംഗം വരുത്തും.

ഉത്കണ്ഠ

അമിതമായ ഉത്കണ്ഠയും, വിഷാദവും ഉറക്കത്തിന് തടസം സൃഷ്ടിക്കുന്നവയാണ്. ഉറക്കക്കുറവും ഇതേ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഉറക്കമില്ലായ്മ വിഷാദം കൊണ്ടോ, ഉത്കണ്ഠമൂലമോ ആണെങ്കില്‍ അതിന് മനശാസ്ത്രപരമായ പരിഹാരം തേട​ണം.

പകലുറക്കം

പകല്‍ ചെറിയ ഉറക്കത്തിലേര്‍പ്പെടുന്നത് മൂലം രാത്രിയില്‍ ഉറക്കത്തിന് വിഷമം വരാം. അഥവാ നിങ്ങള്‍ക്ക് പകലുറക്കം വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ അത് അരമണിക്കൂറില്‍ കവിയാതെ വൈകിട്ട് മൂന്ന് മണിക്ക് മുമ്പായി വേണം.

Related Topics

Share this story