Nature

7.02 കോടി രൂപയുടെ ക്രമക്കേട്;നര്‍ത്തകിയും നടിയുമായ ലീലാ സാംസണെതിരെ സിബിഐ കേസ്

ന്യൂഡല്‍ഹി: പ്രശസ്ത ഭരതനാട്യ നര്‍ത്തകിയും നടിയുമായ ലീലാ സാംസണെതിരെ സിബിഐ കേസെടുത്തു. ചെന്നൈ കലാക്ഷേത്ര ഫൗണ്ടേഷനില്‍ ഓഡിറ്റോറിയം നിര്‍മ്മിക്കാന്‍ 7.02 കോടി രൂപ ചെലവഴിച്ചതില്‍ ക്രമേക്കേട് ഉണ്ടെന്ന് കാണിച്ചാണ് കേസ്. ഇവരെ കൂടാതെ കലാക്ഷേത്ര ഫൗണ്ടേഷന്‍ മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫിസര്‍ ടി.എസ്.മൂര്‍ത്തി, അക്കൗണ്ട്സ് ഓഫിസര്‍ എസ്.രാമചന്ദ്രന്‍, എന്‍ജിനീയറിങ് ഓഫിസര്‍ വി.ശ്രീനിവാസന്‍ തുടങ്ങിയവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. സാംസ്കാരിക മന്ത്രാലയത്തിലെ ചീഫ് വിജിലന്‍സ് ഓഫിസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി .

ഓഡിറ്റോറിയത്തിന്റെ നവീകരണ ജോലികളുടെ മേല്‍നോട്ട ചുമതല ചെന്നൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കാര്‍ഡ് കമ്പനിക്ക് നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്ന് പരാതിയില്‍ പറയുന്നു. 2005 മേയ് ആറ് മുതല്‍ 2012 ഏപ്രില്‍ 30 വരെ ലീല സാംസണ്‍ കലാക്ഷേത്ര ഫൗണ്ടേഷന്‍ ഡയറക്ടറായിരുന്നു. 1985ല്‍ നിര്‍മ്മിച്ച ഓഡിറ്റോറിയം 2006ലാണ് പുതുക്കിപ്പണിയാന്‍ തീരുമാനിച്ചത്.

2016ല്‍ സാംസ്‌കാരിക മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ 7.02 കോടി എസ്റ്റിമേറ്റ് നിശ്ചയിച്ചിരുന്ന ജോലിക്ക് 62.20 ലക്ഷം രൂപ കൂടുതല്‍ ചെലവായെന്നും നവീകരണ ജോലിയുടെ കരാര്‍ ഏല്‍പ്പിക്കുന്നതില്‍ ഓപ്പണ്‍ ടെന്‍ഡര്‍ രീതി സ്വീകരിച്ചില്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് സാംസ്കാരിക മന്ത്രാലയം പരാതി
നല്‍കിയത്.

You might also like

Comments are closed.