Nature

പേനയ്ക്ക് വേണ്ടിതർക്കം; സഹപാഠി 8ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തല്ലിക്കൊന്നു

ജയ്പുര്‍: പേനയ്ക്ക് വേണ്ടിയുണ്ടായ തർക്കത്തെ തുടര്‍ന്ന് സഹപാഠി 8ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തല്ലിക്കൊന്നു. പായല്‍ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ജയ്പൂരിലെ ചക്‌സു എന്ന സ്ഥലത്താണ് സംഭവം. സഹപാഠിയെ കസ്റ്റഡിയിലെടുത്ത പോലീസ് മാതാപിതാക്കളെയും സഹോദരനെയും അറസ്റ്റ് ചെയ്തു. കൊലപാതകം മറച്ചുവെച്ചതും പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.

പായല്‍ എന്ന പെണ്‍കുട്ടിയെ ബുധനാഴ്ച മുതല്‍ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം സ്‌കൂള്‍ പരിസരത്തുനിന്ന് കണ്ടെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥര്‍ പായലിന്റെ സഹപാഠികളെയും അധ്യാപകരെയും ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് പേനയെചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സഹപാഠികള്‍ മൊഴി നല്‍കിയത്.

ദിവസങ്ങള്‍ക്ക് മുൻപ് നടന്ന പരീക്ഷയ്ക്കിടെ പായലും മറ്റൊരു പെണ്‍കുട്ടിയും പേനയെ ചൊല്ലി വഴക്കിട്ടിരുന്നു. പായലിന്റെ പേന സഹപാഠിയായ പെണ്‍കുട്ടി എടുത്തതോടെയാണ് തർക്കമായത് . പേന നഷ്ടപ്പെട്ടതിനെ ചൊല്ലി പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ പായലിനെ കളിയാക്കി. സുഹൃത്തുക്കളോടൊപ്പം പെണ്‍കുട്ടിയും പായലിനെ അധിക്ഷേപിച്ചു. നിശബ്ദയായി പരീക്ഷ എഴുതിയ പായല്‍ വീട്ടിലേക്ക് മടങ്ങി. സഹപാഠിയുടെ അധിക്ഷേപത്തില്‍ അതീവ ദുഃഖിതയായിരുന്നു പായല്‍.

വീട്ടില്‍ നിന്ന് സഹപാഠിയുടെ വീട്ടിലേക്ക് പായല്‍ ചെന്നു. ഈ സമയം പെണ്‍കുട്ടി മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു. ഇവിടെ വെച്ച്‌ ഇരുവരും വഴക്കിടുകയും തുടർന്ന് പെണ്‍കുട്ടി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച്‌ പായലിനെ തല്ലുകയുമായിരുന്നു. മൃതദേഹം വലിച്ചിഴച്ച്‌ വീടിന്റെ താഴെ കൊണ്ടുപോയി ഇട്ടശേഷം പെണ്‍കുട്ടി അമ്മയോടും സഹോദരനോടും സംഭവം വെളിപ്പെടുത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പായലിന്റെ ശരീരം കല്ലുകെട്ടി കുളത്തില്‍ താഴ്ത്തി.പിന്നീട് സംഭവങ്ങള്‍ പെണ്‍കുട്ടിയുടെ അച്ഛനെയും അറിയിച്ചു. അച്ഛന്റെ സഹായത്തോടെ മൃതദേഹം കുളത്തില്‍ നിന്ന് എടുത്ത് സ്‌കൂളിന് സമീപത്തെ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ കൊണ്ട് പോയി ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാതിരുന്നാല്‍ തന്റെ മകള്‍ക്ക് ശാപം ലഭിക്കുമെന്ന് ഭയന്നാണ് മാതാപിതാക്കള്‍ മൃതദേഹം കുളത്തില്‍ നിന്ന് മാറ്റിയത്.

You might also like

Comments are closed.