Times Kerala

തൊഴിലുറപ്പ് പദ്ധതി: ജില്ലയില്‍ എട്ട് ഗ്രാമപഞ്ചായത്തുകളിലെ പ്രവൃത്തികള്‍ ഇനി മുതല്‍ ജി.ഐ.എസ്. സംവിധാനത്തില്‍

 
തൊഴിലുറപ്പ് പദ്ധതി: ജില്ലയില്‍ എട്ട് ഗ്രാമപഞ്ചായത്തുകളിലെ പ്രവൃത്തികള്‍   ഇനി മുതല്‍ ജി.ഐ.എസ്. സംവിധാനത്തില്‍

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുക്കുന്ന മുഴുവന്‍ പ്രവൃത്തികളും ജി.ഐ.എസ് (ജിയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) അധിഷ്ഠിത സംവിധാനത്തിലാക്കുന്നതിനായി ജില്ലയില്‍ എട്ട് ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുത്തു. അരീക്കോട്, കാളികാവ്, മങ്കട, മലപ്പുറം ബ്ലോക്ക് പഞ്ചായത്തുകളിലെ പുല്‍പ്പറ്റ, കാവന്നൂര്‍, കരുളായി, തുവൂര്‍, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, കോഡൂര്‍, ആനക്കയം ഗ്രാമപഞ്ചായത്തുകളെയാണ് പ്രാഥമിക ഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. തെരഞ്ഞടുക്കപ്പെട്ട ഗ്രാമ പഞ്ചായത്തുകളിലെ ഓരോ പ്രദേശത്തിന്റെയും പൂര്‍ണ്ണമായ വിവരങ്ങള്‍ ആന്‍ഡ്രോയിഡ് ആപ്പ് മുഖേന ശേഖരിച്ച് രേഖപ്പെടുത്തും. സ്വകാര്യഭൂമി, പൊതുഭൂമി/നീര്‍ച്ചാല്‍/ജലസ്രോതസ്സ് എന്നീ രണ്ടു വിഭാഗങ്ങളായി തിരിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഈ വിധത്തില്‍ തെരഞ്ഞെടുത്ത പ്രവൃത്തികള്‍ മാത്രമേ 2020-21 കാലയളവ് മുതല്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഏറ്റെടുക്കൂ.

സ്വകാര്യ ഭൂമിയിലെ വിവര ശേഖരണം എന്യൂമറേറ്റര്‍മാരും പൊതുഭൂമിയിലെ വിവര ശേഖരണം ഗ്രാമപഞ്ചായത്ത് തല സാങ്കേതിക വിഭാഗം ജീവനക്കാരുമാണ് നടത്തുക. എന്യൂമറേറ്റര്‍മാര്‍ ഓരോ വീടും സന്ദര്‍ശിച്ച് വീട്ടുടമസ്ഥന്റെ പേര്, പൊതുവിവരങ്ങള്‍, അതോടൊപ്പം സര്‍വേ നമ്പരും ഭൂമിയുടെ വിവരങ്ങളും അക്ഷാംശവും രേഖാംശവും ശേഖരിക്കും. ഓരോ പ്ലോട്ടിലുംപ്പെട്ട ഭൂമിയിലും തൊഴിലുറപ്പ് പദ്ധതി പ്രകാരം അടുത്ത അഞ്ചു വര്‍ഷങ്ങളില്‍ നടത്താന്‍ സാധിക്കുന്ന പ്രവൃത്തികള്‍ കണ്ടെത്തി ആപ്പിലേക്ക് ചേര്‍ക്കും.

സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് പ്രവൃത്തികള്‍ പരിശോധിച്ച് ഗ്രാമപഞ്ചായത്ത് വാര്‍ഡ് അടിസ്ഥാനത്തില്‍ കരട് ഡി.പി.ആര്‍. തയ്യാറാക്കി ഗ്രാമസഭകളിലെ അംഗീകാരത്തിന് ശേഷം ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തോടുകൂടി സമര്‍പ്പിക്കും. സര്‍വേ നടപടികള്‍ ഡിസംബര്‍ 31 നകവും, പൊതു ഗ്രാമസഭയുടെ അംഗീകാരം ജനുവരി 31 നകവും പൂര്‍ത്തിയാക്കും.

തെരഞ്ഞടുക്കപ്പെട്ട ഗ്രാമ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജി.ഐ.എസ്. അധിഷ്ഠിത സംവിധാനം പരിചയപ്പെടുത്തുന്നതിനായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി ചെയര്‍ പേഴ്‌സണ്‍ ഹാജറുമ്മ ടീച്ചര്‍ അധ്യക്ഷയായി. ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പ്രീതി മേനോന്‍ സര്‍വ്വേ നടപടികളെ കുറിച്ച് വിശദീകരിച്ചു. ഐ.ടി.പി റീന, എ.എസ്.ഒ എ. മുഹമ്മദ് മന്‍സൂര്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു. ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ പി. രജനി അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ എന്‍.കെ ദേവകി തുടങ്ങിയവര്‍ സംസാരിച്ചു.

Related Topics

Share this story