Times Kerala

വഴി ചോദിച്ചെത്തി മാല പൊട്ടിച്ചു കടന്നയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പൊക്കി

 
വഴി ചോദിച്ചെത്തി മാല പൊട്ടിച്ചു കടന്നയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പൊക്കി

കൊല്ലം: എണ്‍പതുകാരിയുടെ മാലപൊട്ടിച്ച്‌ കടന്ന കള്ളനെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി . വര്‍ഷങ്ങളായി മോഷണം പതിവാക്കിയിരുന്ന കൊല്ലം കുലശേഖരം സ്വദേശി നിസാര്‍ ആദ്യമായിട്ടാണ് പിടിക്കപെടുന്നത്. സിസിടിവി ക്യാമറയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളാണ് പ്രതിയെ വേഗത്തില്‍ പിടികൂടാന്‍ കൊല്ലം ശൂരനാട് പൊലീസിനെ സഹായിച്ചത്.

സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന നിസാര്‍ വര്‍ഷങ്ങളായി മോഷണം നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച്‌ പ്രതി ആഡംബര ജീവിതമായിരുന്നു നയിച്ചിരുന്നത്.

വഴി അരികില്‍ ആടിനെ തീറ്റുകയായിരുന്ന ശുരനാട് തെക്ക് സ്വദേശിനി ഭാര്‍ഗവി അമ്മയുടെ മാലയാണ് സ്‌കൂട്ടറിലെത്തി സീസര്‍ പൊട്ടിച്ചത്. എണ്‍പതുകാരിയെ മര്‍ദിച്ച്‌ തള്ളിയിട്ട ശേഷമാണ് കള്ളന്‍ ഒന്നര പവന്‍മാലയുമായി കടന്നത്. വിവരമറിഞ്ഞെത്തിയ ശൂരനാട് പൊലീസ് സമീപത്തുള്ള വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. കരുനാഗപ്പള്ളി കുലശേഖരം സ്വദേശി നിസാറാണ് കള്ളനെന്ന് തിരിച്ചറിഞ്ഞു. വീടു വളഞ്ഞ് പ്രതിയെ പിടികൂടി. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Topics

Share this story