Nature

അർഹതയുളള മുഴുവനാളുകൾക്കും പട്ടയം നൽകും: റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ

അർഹതയുളള മുഴുവനാളുകൾക്കും ഭൂമിയുടെ അവകാശം നൽകുകയെന്നതാണ് സർക്കാരിന്റെ നിലപാടെന്നും ഭൂപരിഷ്‌ക്കരണ നിയമം നടപ്പാക്കി അമ്പതാണ്ട് പൂർത്തിയാവുന്ന വേളയിലും ഭൂമിയുടെ അവകാശം ലഭിക്കാത്തവരുണ്ട് എന്നത് ഒരു പ്രശ്‌നമാണെന്നും ഇത് പരിഹരിക്കുമെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. തൃശൂർ ജില്ലയ്ക്ക് പുതുതായി അനുവദിച്ച രണ്ട് ലാൻഡ് ട്രൈബ്യൂണൽ ഓഫീസുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജന്മിത്വം അവസാനിപ്പിച്ചിട്ട് അരനൂറ്റാണ്ടായിട്ടും ജന്മിമാരെ അന്വേഷിച്ച് നടന്ന് കൈവശവകാശ കേസുകൾ അനന്തമായി നീളുന്ന സ്ഥിതിയാണുളളത്. ഇത് അവസാനിപ്പിക്കണം. ജന്മിമാരെ കാത്തിരിക്കേണ്ടതില്ല. ഒന്നോ രണ്ടോ സിറ്റിംഗിനുളളിൽ പ്രശ്‌നം പരിഹരിച്ച് പട്ടയം നൽകാനുളള നടപടികൾ കൈകൊളളണം.
മലബാറിലാണ് കൂടുതൽ പട്ടയ അപേക്ഷയുളളത് അത് കൊണ്ടാണ് അപേക്ഷകൾ കുറവായ തിരുവിതാകൂർ ജില്ലകളിലെ ലാൻഡ് ട്രൈബ്യൂണൽ ഓഫീസുകൾ മലബാറിലേക്ക് മാറ്റി സ്ഥാപിച്ചത്. കെട്ടിക്കിടക്കുന്ന കേസുകൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ഇനി ലാൻഡ് ട്രൈബ്യൂണൽ ഓഫീസുകൾക്ക് കഴിയണം. സർക്കാർ അധികാരമേൽക്കുമ്പോൾ 240000 അപേക്ഷകളാണ് പട്ടയത്തിനായി ഉണ്ടായിരുന്നത്. ഇതിൽ ഒരു ലക്ഷത്തിലേറെ അപേക്ഷകൾ തീർപ്പാക്കി. ഡിസംബർ-ജനുവരിയ്ക്കുളളിൽ അമ്പതിനായിരം അപേക്ഷകൾ കൂടെ തീർപ്പാക്കി പട്ടയം നൽകും. പട്ടയ അപേക്ഷകൾ കെട്ടികിടക്കുന്നതൊഴിവാക്കാൻ ലാൻഡ് ട്രൈബ്യൂണൽ ഓഫീസുകളുടെ പ്രവർത്തനങ്ങളിലൂടെ സാധിക്കും.
കുന്നംകുളത്തും ഇരിങ്ങാലക്കുടയിലുമാണ് പുതുതായി ലാൻഡ് ട്രൈബ്യൂണൽ ഓഫീസുകൾ തുടങ്ങിയത്. കുന്നംകുളം കക്കാട് മിനി സിവിൽ സ്റ്റേഷനിലാണ് ചാവക്കാട്, കുന്നംകുളം, തലപ്പിളളി താലൂക്കൾക്കായുളള സ്‌പെഷ്യൽ തഹസിൽദാർ (ലാൻഡ് റീഫോംസ്) ഓഫീസ് പ്രവർത്തിക്കുക. കുന്നംകുളം മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും കുന്നംകുളം എംഎൽഎയുമായ എ സി മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. എംഎൽഎമാരായ കെ വി അബ്ദുൾ ഖാദർ, മുരളി പെരുനെല്ലി, കുന്നംകുളം നഗരസഭ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് യു പി ശോഭന, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാർ, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ നേർന്നു. ജില്ലാ കളക്ടർ എസ് ഷാനവാസ് സ്വാഗതവും സബ് കളക്ടർ അഫ്‌സാന പർവീൺ നന്ദിയും പറഞ്ഞു.
ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന ലാൻഡ് ട്രൈബ്യൂണൽ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ പ്രൊഫ. കെ യു അരുണൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടി, കൊടുങ്ങല്ലൂർ താലൂക്കുകളാണ് നിലവിൽ ഈ ഓഫീസിന്റെ പരിധിയിലുളളത്. മുകുന്ദപുരം താലൂക്ക് കൂടെ ഇരിങ്ങാലക്കുട ലാൻഡ് ട്രൈബ്യൂണൽ ഓഫീസിന്റെ പരിധിയിൽപെടുത്തണമെന്ന ജില്ലാ കളക്ടറുടെ അപേക്ഷ സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ ഉറപ്പ് നൽകി. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ കെ ഉദയപ്രകാശ്, ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്‌സൺ നിമ്യ ഷിജു, കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്‌സൺ കെ ആർ ജൈത്രൻ, ചാലക്കുടി നഗരസഭ ചെയർപേഴ്‌സൺ ജയന്തി പ്രവീൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി എ മനോജ്കുമാർ, ഇ കേശവൻകുട്ടി, കെ കെ അബീദലി, കെ എസ് രാധാകൃഷ്ണൻ, എഡിഎം റെജി പി ജോസഫ്, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ആശംസ നേർന്നു. ജില്ലാ കളക്ടർ എസ് ഷാനവാസ് സ്വാഗതവും ഇരിങ്ങാലക്കുട ആർഡിഒ സി ലതിക നന്ദിയും പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.